യന്ത്രം
നിന്നെ ഞാൻ ആദ്യമായി കാണുന്നത് ഈ നൂറ്റാണ്ടിലും ശാസ്ത്രത്തിനു പിടി കൊടുക്കാതെ, അവന്റെ തലച്ചോറിന്റെ നിഗൂഢതയിൽ ഇനിയും തനിക്ക് കിളിർക്കാനുള്ള മഴയെത്തിയിട്ടില്ല എന്ന് വാശിപിടിച്ച് നിദ്രയിൽ കിടക്കുന്ന വിത്തിനെ പോലെയുള്ള ആ യന്ത്രത്തിൽ വെച്ചായിരുന്നു. പക്ഷേ എനിക്ക് ഇനിയും മനസ്സിലാക്കാൻ കഴിയാത്ത, ഇനി ഒരിക്കലും മനസ്സിലാകാത്ത, ഇവിടെ മുതൽ ഞാൻ മനസ്സിലാക്കരുത് എന്ന് ഞാൻ തന്നെ ആഗ്രഹിക്കുന്ന ഒരു ഹൃദയമാണ് വർത്തുള ചലനത്തിലുള്ള ആ യന്ത്രത്തിന്റെ മുകളിലിരിക്കുന്ന നിനക്കുള്ളതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഹും സാരമില്ല, നീയാ യന്ത്രത്തിലെ യാത്രക്കാരിയും ഞാൻ നിന്നെ പൊതിഞ്ഞു നിന്ന വായുവും ആയിരുന്നു. നീ എന്നെ കീറിമുറിച്ച് മുന്നിലേക്ക് പാഞ്ഞുപോയി, ഞാൻ പിന്നിലേക്കും.
പ്രണയം ആ യന്ത്രം പോലെ തന്നെയാണ്, അതിനെ നേരെ നിലനിർത്തി കൊണ്ടുപോകണമെങ്കിൽ നിരന്തര പരിശീലനം വേണം. ഇല്ലെങ്കിൽ ഇടത്തോട്ടോ, വലത്തോട്ടോ, മേലോട്ടോ, താഴോട്ടോ, മുന്നോട്ടോ, പിന്നോട്ടോ, എങ്ങോട്ടെന്നില്ലാതെ, ഒരു നിശ്ചയവുമില്ലാത്ത ചലനത്തിലാണത്. ഒരു ചെറിയ തെറ്റ് മതി അത് വീഴാൻ. ആ യന്ത്രം പ്രണയം പോലെ ആയത് കൊണ്ടാണോ ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലാകാത്തത്??.
പക്ഷേ എനിക്കതിലൊന്ന് കയറാനുള്ള അവസരം നീ തന്നിട്ടില്ലന്നാണോ ? അതോ ഞാൻ അതിനു ശ്രമിക്കാഞ്ഞിട്ടാണോ? ആ യന്ത്രത്തിനെ മെരുക്കാൻ എനിക്കറിയാമായിരുന്നു. അതിനെ പടക്കളത്തിലെ പാറക്കൂട്ടത്തിൽ ചവിട്ടി തീ പാറിക്കുന്ന പടക്കുതിരയാക്കാനും അടക്കമുള്ള ആട്ടിൻകുട്ടിയാക്കാനും ശൌര്യത്തോടെ ചീറിപായുന്ന ചീറ്റയാക്കാനും പ്രകമ്പനം കൊള്ളിക്കുന്ന ബുള്ളറ്റാക്കാനും ബോസ് ഹാലജൻ വെച്ച് പായുന്ന ജിപ്സിയാക്കാനുമൊക്കെ എനിക്കറിയാമായിരുന്നു. ഇതൊക്കെയാ യന്ത്രത്തിൽ ചെയ്യുന്നവർ ആ പരിസരത്ത് കുറവുമായിരുന്നു. എന്നിട്ടും യന്തത്തിന്റെ മുകളിലുള്ള ഹൃദയത്തിൽ ഒന്ന് തൊടാൻ പോലും എനിക്കു കഴിഞ്ഞില്ല. എനിക്കൊന്നു തൊടാൻ അതിനെ വാരിപ്പുണരാൻ ആഗ്രഹമുണ്ടായിരുന്നു. എല്ലാം പൊട്ടിയ സോഡാ കുപ്പിയായി മാറി ഗ്യാസില്ല നീറ്റല് മാത്രം. നിന്നെ കാണുമ്പോഴൊക്കെ സ്കൂൾ വരാന്തയിലിരുന്ന ഞാൻ ഓരോനിമിഷവും പിടഞ്ഞുവീണു മരിക്കുകയായിരുന്നു.
" ഓരോ തുള്ളി ച്ചോരയ്ക്കും പകരം ഞങ്ങൾ ചോദിക്കും" എന്ന് മുദ്രാവാക്യം വിളിക്കുമ്പോഴും നിന്നെ കാണുമ്പോൾ നിന്നെ നഷ്ടപ്പെട്ട വേദനയിൽ ഉരുകിയൊലിച്ച മെഴുകുതിരിയായി തീർന്നിട്ടും, നിന്നെ സ്വന്തമാക്കാൻ കഴിയാത്ത ഹൃദയത്തിൽ നിന്ന് ഇറ്റുവീണ ചോരയ്ക്ക്ക് പകരം ചോദിക്കാൻ എനിക്കുകഴിഞ്ഞില്ല.
"വിപ്ലവം എന്നാൽ പാകമാകാത്ത ആപ്പിളാണ്. അത് അടർന്ന് വീഴില്ല പറിച്ചെടുക്കാനേ കഴിയൂ" എന്ന ചെഗുവേരയുടെ വാക്കുകൾ അന്ന് ലാറ്റിനമേരിക്കയിൽ നിന്ന് പറഞ്ഞിട്ടും അവിടും ഇന്നുവരേ കണ്ടിട്ടില്ലാത്ത ഇന്ത്യക്കാരനായ ഞാൻ അത് നെഞ്ചേറ്റി വാങ്ങി, വിപ്ലവം എന്നത് പ്രണയം എന്ന് വെട്ടിയെഴുതി. പക്ഷേ എന്റെ തൊട്ടുമുമ്പിലുണ്ടായിരുന്ന നിന്നെ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായി. നിന്നെ 'എന്റെ പ്രണയിനി' എന്നെഴുതാൻ എന്റെ തൂലികയ്ക്ക് ശക്തിയില്ലായിരുന്നു.
നിന്റെ യന്ത്രത്തിന്റെ കുഴപ്പങ്ങൾ പരിഹരിക്കാൻ ശാസ്ത്രത്തിനു പല വഴികളുണ്ടായിരന്നു. അതിനെ ആയുധമാക്കാൻ വിപ്ലവത്തിനും കഴിയുമായിരുന്നു. പക്ഷേ അതിന്റെ മുകളിൽ വിഹരിച്ചിരുന്ന് ഹൃദയത്തിനുടമായിരുന്ന നിന്നെ നഷ്ടപ്പെട്ട മുറിവുണക്കാൻ ഒരു ശാസ്ത്രത്തിനും കഴിയില്ല. നിന്നെയൊരു രക്തസാക്ഷിയാക്കാൻ വിപ്ലവം മന്ത്രിച്ചു, ഞാൻ ചെവികൊണ്ടില്ല. പകരം........പകരം........ നിന്നെ ഞാൻ മൂകസാക്ഷിയാക്കി എന്റെ പ്രണയത്തിന്റെ .......! അല്ല എന്റെ നഷ്ടപ്രണയത്തിന്റെ.....!!
ആ യന്ത്രം ഏതെന്ന് നിനക്ക് മനസ്സിലാകും. പക്ഷേ അതിന്റെ ഭാവന ഉടമയെ നിനക്കു മനസ്സിലാകില്ല. എനിക്കതു സൈക്കിളും നിനക്കത് "ബൈ" സൈക്കിളുമാണ്.
Comments
Post a Comment