ഫീനിക്സ്
തന്റെ നഷ്ടപ്പെട്ട ശാസ്ത്ര പുസ്തകം അവൾ തിരികെ തരുമ്പോൾ അവൻ അറിഞ്ഞിരുന്നില്ല ആ ബുക്ക് തിരികെ കിട്ടിയപ്പോൾ ഉണ്ടായ ആശ്വാസത്തെ പൊട്ടിച്ചിതറിക്കാൻ ശേഷിയുള്ള ഒരുഗ്രൻ വസ്തു അതിൽ അടക്കം ചെയ്തിട്ടുണ്ടെന്ന്.
അവളോട് അവന് മുൻപേ തന്നെ “എന്തോ ഒരു ഇത് '' തോന്നിയിരുന്നു. അത് എന്താണെന്ന് ആ 'ഒരു ഇതിന്' അൽപം പഴക്കം ചെന്നപ്പോൾ മാത്രമാണ് അവന് മനസ്സിലായത്, അത് സംഗതി 'പ്രണയം' ആയിരുന്നുവെന്ന്. അത് പ്രണയം തന്നെയല്ലേയെന്ന് അവനെ കൊണ്ട് അവനോട് തന്നെ ചോദിപ്പിച്ചത് അവൾ -അവൾ നല്ല തന്ത്രം വശമുള്ള കുറുക്കച്ചിയാണെന്ന് അവൻ ഇടയ്ക്കിടെ ഓർക്കാറുണ്ട് - തന്നെയായിരുന്നു. . മുൻപു ഒരു ദിവസം അവൾ തന്റെ പലവക ബുക്കിൽ കുറിച്ചിട്ടിരുന്ന അവളുടെ പേര് തനിക്ക് കാണിച്ചു തന്നിട്ടു ചോദിച്ചു:
"മച്ചാ... ഇതാരാ പേരാ?
അവൻ ഒന്നും മിണ്ടിയില്ല.
“ഇത് നിന്റെ ലൈനിന്റെ പേരാണോ?"
അവന് അതേ എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ നാവ് പൊങ്ങുന്നില്ല. അവന് താനിപ്പോൾ അവളുടെ ആ നോട്ടത്തിൽ ദഹിച്ച് ഇല്ലാതെയായിപ്പോകും എന്ന് തോന്നി. അത്രമാത്രം പ്രണയാഗ്നി അതിൽ അവൻ കണ്ടു. അവനെ അവൾ 'മച്ചാ' എന്നായിരുന്നു വിളിച്ചിരുന്നത്. ഭാര്യ ഭർത്താവിനെ വിളിക്കുന്ന പേര്!!. അത് ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഏതോ ഒരു മഹാസംഭവത്തിന്റെ ദൂതൻ ആണെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അത് 'മുച്ചി'യുടെ പര്യായം ആണെന്നും അല്ലാതെ സ്നേഹപൂർവ്വം 'മച്ചാ' എന്ന് വിളിക്കുന്നതല്ലാ എന്നും ക്ലാസിലെ ഒരു കൂട്ടം പണ്ഡിത ശ്രേഷ്ഠൻമാർ പ്രസ്താവിച്ചിരിക്കുന്നു. ആ പണ്ഡിതന്മാരെ അസൂയക്കാർ എന്ന് വിളിക്കാൻ അവൻ ആഗ്രഹിച്ചു.
അവളുടെ “മച്ചാ” വിളിയും "ഇത് നിന്റെ ലൈനിന്റെ പേരാണോ? എന്ന ചോദ്യവും തിരിച്ചു മറിച്ചു ഗുണിച്ചു ഹരിച്ചു നോക്കുമ്പോൾ അവൾക്ക് തന്നെ ഇഷ്ടമാണ് എന്ന ഉത്തരത്തിലേക്കു തന്നെയാണ് കൊണ്ടെത്തിക്കുന്നത്. ആ നിഗമനം തെറ്റാൻ യാതൊരു ചാൻസും അവന്റെ ശാസ്ത്ര ബുദ്ധിയിൽ തെളിയുന്നുമില്ല, മാത്രവുമല്ല അവൾക്ക് തന്നെ ഇഷ്ടമായതിനാലാണ് തന്നോടു ചോദിക്കാതെ, താനറിയാതെ തന്റെ പലവക ബുക്ക് എടുത്തിട്ട് അത് പരിശോധിച്ച് അവളുടെ പേര് കണ്ടെത്തിയത് എന്നും അവൻ കണ്ടുപിടിച്ചിടിച്ചിരിക്കുന്നു.
അവളുടെ ചോദ്യശരമേറ്റു അവനു പനിച്ചു. പനിയുടെ വിറപ്പിക്കലിനിടയിലും തന്റെ വിരലിന്റെ ലേബർ റൂമിൽ കിടന്നു അവന്റെ പേന പ്രസവ വേദനയിൽ പുളഞ്ഞു. ഒടുവിൽ ഇരുന്നുവെളുപ്പിച്ച പകലിൽ പകലോൻ തല പുറത്തിട്ടു നോക്കി, അതാ ഒരു അതിസുന്ദര പ്രണയ ലേഖനം അവന്റെ പേന പെറ്റിട്ടിരിക്കുന്നു. ഇനി ഇത് ആരുമറിയാതെ അവളെ ഏൽപ്പിക്കണം. തന്റെ തൂലികത്തുമ്പിൽ വിരിഞ്ഞ ആ കടിഞ്ഞൂൽ സന്തതിയെ വളരെ ശ്രദ്ധയോടെ ഹൃദയത്തോടു ചേർത്തുവച്ച് കൊണ്ടു വന്നിരിക്കുകയാണ്. (ഉടുപ്പിന്റെ പോക്കറ്റ് ഇടതുവശത്താക്കിയത് പ്രണയലേഖനത്തിൽ ഹൃദയത്തിന്റെ ഒപ്പ് ചാർത്താനായിരിക്കും: അവൻ വിചാരിച്ചു) ഇനി ഇത് മറ്റാരും അറിയാതെ അവളുടെ പക്കൽ ഏൽപ്പിക്കണം.
തന്നെ അവൾക്ക് ഇഷ്ടമാണ് എന്നതിന്റെ സമ്മത പത്രമായി തന്റെ പ്രണയലേഖനം മാറുമെന്ന് അവൻ വൃഥാ മോഹിച്ചു. അവൻ ഒരു സംശയം നോക്കാൻ എന്ന മട്ടിൽ അവളുടെ ഹിന്ദി പുസ്തകം വാങ്ങി.
"തും ക്യാ കർത്താ ഹേ?'
ചോദ്യം കേട്ട് അവൻ ഞെട്ടി. തന്റെ സകല പരിപാടികളും ഒരു ചീട്ടുകൊട്ടാരം പോലെ ഇപ്പോ തകർന്നു വീഴും.
“താങ്കൾ അവിടെ എന്ത് ചെയ്യുകയാണ്” മുംഷി ജി യോട് രാംപ്രകാശ് ചോദിച്ചു. സാർ പറഞ്ഞു നിർത്തി.
അപ്പോഴാണ് ഒന്നു ശ്വാസം നേരെ വീണത്. രക്ഷപ്പെട്ടു... സാറിന്റെ ഹിന്ദി വായനക്കും പരിഭാഷക്കുമിടയിൽ ഒരു യുഗത്തിന്റെ ഗ്യാപ്പ് ഉണ്ടായിരുന്നോ? എന്നവൻ സംശയിച്ചുപോയി. തന്റെ ചോരക്കുഞ്ഞിനെ അവൻ ആ ഹിന്ദി പുസ്തകത്തിനുള്ളിൽ നദിയിലൊഴുക്കിയ കർണ്ണനെ ഓർത്തു അതങ്ങ് സുരക്ഷിതമായി വച്ചു. കർണ്ണൻ പരാജിതനാണ്, ഇനി താനും? അവൻ സംശയിച്ചു. പുസ്തകം തിരികെ ഏൽപ്പിച്ചപ്പോൾ അവൻ പറഞ്ഞു, അവൾക്കു മാത്രം കേൾക്കാനായി.
“ഇതിൽ ഒരു സാധനം വെച്ചിട്ടുണ്ട്, ഇപ്പോ വേണ്ട വീട്ടിൽ പോയി നോക്കിയാൽ മതി”
അത്രമാത്രം പറഞ്ഞപ്പോഴേക്ക് അവൻ ക്ഷീണിച്ച് അവശനായിപ്പോയി. തലേന്നത്തെ ക്ഷീണത്തിൽ അവൻ ഗാഢമായി ഉറങ്ങി. പേരറിയാത്ത ഒരു പക്ഷി, അതിന്റെ കണ്ണിൽ എന്തോ നഷ്ടപ്പെട്ട ഒരു വിരഹം തങ്ങി നിൽക്കുന്നുണ്ടായിരുന്നു. ശരീരത്തിൽ പറ്റിയ ചാമ്പലുകളെ കുടഞ്ഞുകളഞ്ഞ് പറന്നു പോകുന്നത് അവൻ സ്വപ്നം കണ്ടു.
“നമുക്ക് എന്നും നല്ല സുഹൃത്തുക്കളായിരിക്കാം”
കൂടുതൽ ഒന്നും അവൾ പറഞ്ഞില്ല, പറഞ്ഞാൽ കേൾക്കാൻ അവനു കഴിയുകയുകയുമില്ലായിരുന്നു. അവൾ പടി കയറി മുകളിലേക്ക് പോയി, ചുരുണ്ട തലമുടി പെൻഡുലം പോലെ ഹൃദയത്തിനു തിരശ്ചീനമായി അങ്ങോട്ടുമിങ്ങോട്ടും ആടി ആ പൂശാത്ത പടികളിൽ ഈറൻ വീഴ്ത്തി കൊണ്ടിരുന്നു. അവൻ അവളെ തന്നെ നോക്കി നിന്നു , ഒന്നും മിണ്ടാനില്ലാതെ, ഒരു വാക്കും തിരിച്ചു ചേദിക്കാൻ പറ്റാതെ ഒരു പ്രതിമ പോലെ. തന്റെ ചുറ്റിനുമുള്ളതെല്ലാം തകർന്നു വീഴുന്നു, താൻ പാതാളത്തിലേക്ക് താന്നു പോവുകയാണോ? അവൻ പോയി തന്റെ പലവക ബുക്ക് പലവട്ടം മറിച്ചു. പലവട്ടം ശ്രദ്ധയിരുത്തി വായിച്ചു നോക്കി. അവളുടെ പേര് തന്നെയല്ലേ? അതെന്ന്... ? ഇല്ലാ... തനിക്ക് തെറ്റുപറ്റിയിട്ടില്ല. പക്ഷേ... അവളുടെ ചോദ്യം?? അത് ഒരു ഉത്തരമില്ലാ ചോദ്യമായി ക്ലാസിന്റെ ഉത്തരത്തിൽ ചത്ത മൃതദേഹം പോലെ തൂങ്ങിയാടുന്നത് കാണാമായിരുന്നു.
ഇപ്പോൾ ഒരു കൊല്ലത്തിനപ്പുറം ഇന്നിപ്പോൾ അവൾ ആ ശാസ്ത്ര പുസ്തകം തിരികെ തന്നപ്പോൾ അവൾ പറഞ്ഞ വാചകം? അത്.... അത് തന്നെയല്ലേ അന്ന് താൻ അവളോടു പറഞ്ഞത്.
“ഇതിൽ ഒരു സാധനം വെച്ചിട്ടുണ്ട്... ഇപ്പോ വേണ്ട... വീട്ടിൽ പോയി നോക്കിയാൽ മതി”
അതെ, അതുതന്നെ. അവന്റെ ഹൃദയം ശക്തിയായി മിടിച്ചു. അവളുടെ കണ്ണിൽ ആദ്യം താൻ കണ്ട ആ പ്രണയാഗ്നി ശേഷിക്കുന്നുണ്ടോ? അണഞ്ഞു തുടങ്ങിയ ആ പ്രണയക്കനലുകൾ മിന്നാമിനുങ്ങിനെപ്പോലെ വീണ്ടും മിന്നി തെളിഞ്ഞോ? അവൻ സംശയിച്ചു. ടീച്ചർ ക്ലാസിൽ കത്തി കയറുകയാണ്. നൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ എപ്പോഴും കറങ്ങിക്കൊണ്ടി രിക്കുമെന്നും (അപ്പോ ഇവക്ക് തലചുറ്റില്ലേ? എന്നവൻ സംശയിച്ചു) ഊർജ്ജം കൂടുന്ന ക്രമത്തിൽ ഷെല്ലുകളിൽ ഇലക്ട്രോൺ നിറയും എന്നൊക്കെ പറയുന്നുണ്ട്. ഇനിയും ആ ശാസ്ത്ര പുസ്തകത്തിൽ, രസതന്ത്ര പുസ്തകത്തിൽ അവൾ വെച്ച ആ 'സാധനം' കണ്ടില്ലെങ്കിൽ തന്റെ ഊർജ്ജം നഷ്ടപ്പെട്ട് താൻ മൂർഛിച്ചു വീണേക്കുമെന്ന് അവൻ ഭയപ്പെട്ടു.
മെല്ലെ അവൻ ആ പുസ്തകത്താളുകൾ പൊക്കി നോക്കി. പോളീസും ഹണ്ടും ഒക്കെ കഴിഞ്ഞപ്പോൾ അതാ... നീല മഷിയിൽ... മനോഹരമായ കൈപ്പടയിൽ വെള്ളപേപ്പറിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.
“എനിക്ക് ഇയാളെ ഇഷ്ടമായിരുന്നു...... "
അത്രമാത്രം വായിച്ചതിന് ശേഷം അവളെ നോക്കി. അവളുടെ കണ്ണുകളിൽ എന്നോ കത്തിയെരിഞ്ഞിരുന്ന ഇപ്പോൾ കനലടങ്ങിയ, ചാമ്പലടിഞ്ഞ ഒരു ചൂള അവൻ കണ്ടു. അവളുടെ കണ്ണിൽ നിന്നു താഴേക്കു പതിച്ച കണ്ണുനീർ പുറത്തു വന്ന നിമിഷം നീരാവിയായി മുകളിലേക്കുയർന്നുവോ? അവൻ അതിന്റെ ബാക്കി വായിക്കാൻ വെമ്പി.
“എനിക്ക് ഇയാളെ ഇഷ്ടമായിരുന്നു. പക്ഷേ... അത് ശരിയാവില്ല അതുകൊണ്ടാണ് പറയാതിരുന്നത്..."
ആ കണ്ണുനീർ നീരാവിയായി മുകളിലേക്കുയർന്നിരുന്നു. വെന്തടങ്ങിയിട്ടും ചില കനലുകൾ ഇപ്പോഴും ആ ചൂളയിൽ ബാക്കിയായിരുന്നു. അവളുടെ കണ്ണിലേക്ക് അവസാനമായി തന്റെ മുഴുവൻ ധൈര്യവും സംഭരിച്ച് ഒന്നുകൂടെ നോക്കി. അവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ സ്വപ്നം കാണുകയാണോ?
ഒരു പക്ഷി ആ ചാരത്തിൽ നിന്ന് ചിറകടിച്ചുയരുന്നു. അതിന്റെ കണ്ണുകളിൽ ഇണയെ നഷ്ടപ്പെട്ട ഒരു വിരഹം തങ്ങിനിൽക്കുന്നു. ആ പക്ഷിയാണേത്രേ “ഫീനിക്സ്”.
ശുഭം
Comments
Post a Comment