മകളുടെ വിവാഹത്തിന് വീടിന്റെ അകം പെയിന്റ് ചെയ്യാൻ തൊഴിലാളികൾ നാളെ എത്തും. അയാൾ തന്റെ ഷെൽഫിൽ നിന്നും സാധനങ്ങളെല്ലാം വാരി നിലത്തു വെച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇടയ്‍ക്ക് ഒരടുക്ക് ഡയറികൾ തട്ടി നിലത്തു മുഴുവൻ ചിതറിയ ഓർമ പോലെ പടർന്നു വീണു. ഓർമകൾ വാരിക്കുട്ടുന്നതിനിടയിൽ തന്റെ നര കയറിയ മുടികൾക്കിടയിൽ കറുത്തത് അങ്ങിങ്ങു പൊങ്ങിനിൽക്കും പോലെ അവിടെ ഇവിടെയായി പൊടി തീർത്ത വരകളുള്ള ഒരു നരബാധിച്ച പേപ്പർ കഷ്ണം തടഞ്ഞു. അതിന്റെ നിറം കാലപ്പഴക്കം കൊണ്ട് അയാളുടെ തിമിരം ബാധിച്ച കണ്ണു പോലെ മങ്ങിയിരുന്നു. അതിലെന്തോ അവ്യക്തമായി വൃത്തിയില്ലാത്ത കൈപ്പടയിൽ എഴുതിയിരിക്കുന്നു. തന്റെ കണ്ണട എടുത്ത് മൂക്കിൽ പ്രതിഷ്ഠിച്ച് അയാൾ വായന ആരംഭിച്ചു.
" പ്രകൃതിയെന്ന അനശ്വര കവിയുടെ തൂലികയിൽ വിരിഞ്ഞ, ഭൂമിയുടെ ഗമനത്തിലും ഋതുക്കളുടെ മാറ്റത്തിലും മോഹഭംഗങ്ങളില്ലാത്ത എക്കാലത്തെയും യുവഹൃദയങ്ങളെ ഇണക്കിച്ചേർത്ത, മാറുന്ന ശാസ്ത്രത്തിലും മാറാത്ത ചരിത്രത്തിലും ഇളക്കം തട്ടാത്ത സമവാക്യം, സൗഹൃദം.
സമവായങ്ങളുുടെ ലോകത്ത് സമവാക്യങ്ങളുുടെ കാലത്ത് സ്വാർത്ഥയുടെ സൂചികൊണ്ടല്ലാ! സന്തോഷത്തിന്റെ സാഫല്യത്തിന്റെ സാഹിത്യത്തിന്റെ സാമാന്യം സൽബുദ്ധിയുടെ സൗഹൃദ വൃക്ഷ ചുവട്ടിലുരുന്നു രേഖപ്പെടുത്തട്ടെ.
കാത്തിരിക്കാം, ഓർത്തിരിക്കാം മറവിയുടെ മായാജാലം മരീചിക പോലെ മരവുരി ചൂടി മടങ്ങി വരുന്ന മാത്ര വരെ മാത്രം......അതുവരെ മാത്രം."
അയാൾ ഒരു പത്താം ക്ലാസ്സുക്കാരനായി സ്കൂൾ വരാന്തയിലൂടെ നടന്നു. ഒരു ഫുൾകൈ ചുരിദാർ ധരിച്ച പെൺകുട്ടി തന്റെ മുന്നിലേക്ക് ഓട്ടോഗ്രാഫ് നീട്ടുന്നു. താൻ മുൻകൂട്ടി തയ്യാറാക്കി വച്ചിരുന്ന മറുപടി അവളോടു പറഞ്ഞു.
"ഞാൻ വീട്ടിൽ കൊണ്ടുപോയി എഴുതി കൊണ്ടു വരാം."
"ശരി," അവൾ തലയാട്ടി
അവനതുമായി മുന്നിലേക്ക് നടന്നു. അവൾ പോയി എന്നുറപ്പായപ്പോൾ അതെടുത്തു മണപ്പിച്ചു നോക്കി. അവൾ സ്ഥിരമായി പൂശാറുള്ള പൗഡറിന്റെ മണം. അയാൾ തന്റെ ശ്വാസം ആഞ്ഞുവലിച്ചു, മതിലു കെട്ടാൻ വന്ന മേസ്തിരി പുകച്ചു വിട്ട മിനി ഗോൾഡിന്റെ രൂക്ഷ ഗന്ധം മൂക്ക് തുളച്ചു കയറി. മറവി ആ മണത്തെ തന്നിൽ നിന്നു തട്ടിപറിച്ചെടുത്തിരിക്കുന്നു. അവൾ വരാത്ത ദിവസങ്ങളിൽ, അസാനിധ്യം തോന്നുന്ന നിമിഷങ്ങളിൽ അവൻ ഒന്ന് ദീർഘമായി ശ്വാസമെടുത്ത് അവളെ തന്നിലേക്ക് ആ മണത്തിലൂടെ ആവാഹിക്കുമായിരുന്നു. അയാൾ ഒന്നുകൂടെ ശ്രമിച്ചു, ഭാര്യ കുളിച്ചിട്ട് ഈറനുമായി തന്റെ ദൃഢമായ നെഞ്ചിൽ ചാഞ്ഞ് കഥ പറയുപ്പോൾ തന്റെ മൂക്കിലേക്ക് അനുമതിയില്ലാതെ കയറി പോകുന്ന മൈലാഞ്ചിയും ചെമ്പരത്തിയും ഇട്ടു കാച്ചിയ എണ്ണയുടെ ഗന്ധം തലച്ചോറിന്റെ ഓർമ മുകുളത്തിൽ നിന്ന് മൂക്കിലേക്ക് ഒഴുകി ഇറങ്ങി.
ആ പെൺകുട്ടി തനിക്ക് ആരായിരുന്നു? തന്റെ അലസമായ വസ്ത്രധാരണത്തെ, ക്ലാസ്സിലേക്കുള്ള വൈകി വരവിനെ, സംസാര ശൈലിയെ നിരന്തരം ചോദ്യം ചെയിതിരുന്ന ഒരു വിമർശക. അതോ ചിലപ്പോൾ തന്നേക്കാൾ കൂടുതലും മിക്കമ്പോഴും തനിക്കു താഴെയും മറ്റു ചിലപ്പോ ഒപ്പത്തിനൊപ്പവും മാർക്ക് വാങ്ങിയിരുന്ന ശത്രു. അതുമല്ലെങ്കിൽ ഒരു സഹപാഠി, ഒരു പ്രണയിനി, ഒരു ആത്മമിത്രം, ശാസ്ത്ര മേളയ്‍ക്കും ക്വിസ്സിനും നാടകത്തിനുമൊക്കെ തന്നോടൊപ്പം എന്തിനും തയ്യാറായി വരുന്ന ഒരു നല്ല പാതി. അവൾ എന്തൊക്കയോ ആയിരുന്നു. പിന്നെ എപ്പോഴാണ് അവൾ ഓർമയിൽ നിന്നു കുതറി ഓടിയത് ? അവളോടെപ്പം കഴിഞ്ഞുപോയ നിമിഷങ്ങൾ, ഒരിക്കലും മറക്കില്ല എന്ന് കരുതിയവ, എങ്ങനെയെങ്കിലും ഒന്നു മറന്നിരുന്നെങ്കിൽ എന്ന് വിചാരിച്ചിരുന്നവ എല്ലാം നഷ്ടപ്പെട്ട് പോയിരിക്കുന്നു. അവ നഷ്ടമായ് എന്ന് തന്നെ മനസ്സിലായത് ഈ നര ബാധിച്ച, നിറം മങ്ങിയ തുണ്ട് പേപ്പർ കൈയിൽ തടഞ്ഞപ്പോൾ ആണ്.
ഒരു മേഘവിസ്ഫോടനം പോലെ ഓർമകൾ അയാളുടെ തലച്ചോറിലെ കുണ്ടിലും കുഴികളിലും പെയ്തു നിറഞ്ഞു. എത്ര പേപ്പറുകളാണ് ഒരു ഓട്ടോഗ്രാഫിനായി അന്ന് രക്തസാക്ഷികളായത്, എത്രത്തോളം മെഴുകുതിരിയാണ് അതിനായി ഉരുകിത്തീർന്നത്. അന്ന് തന്റെ മെഴുകുതിരിയിൽ നിന്നും മുകളിലേക്ക് കയറിപ്പോയ തീയായിരിക്കും നക്ഷത്രമായി മുകളിൽ ഇരുന്നു തന്റെ ഓർമകളുടെ ഇരുണ്ട അറകളിൽ ഇപ്പോ വെളിച്ചം നിറച്ചത്. സ്കൂളിനടുത്തെ മാടകടയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയത് കണ്ണിലുടക്കിയതു മുതൽ എത്രയോ നാൾ കടലാസിനു മുന്നിൽ മഷി നിറച്ച പേനയുമായി കൂനിക്കൂടിയിരുന്നിട്ടാണ് അവളുടെ ഓട്ടോഗ്രാഫിൽ എഴുതാൻ വേണ്ടി മാത്രം, താൻ ഈ അക്ഷര താജ്‍മഹൽ കൊത്തിയെടുത്തത്. പിന്നെയും നീണ്ട കാത്തിരിപ്പായിരുന്നു, അവൾ പോകുന്നിടത്തെല്ലാം അവളുടെ കാഴ്ചവട്ടത്ത് തന്നെ ചുറ്റിത്തിരിഞ്ഞു നിന്നു, ആ ഓട്ടോഗ്രാഫ് തന്റെ മുന്നിലേക്ക് നീണ്ടുന്നതു വരെ. ഒടുവിൽ അവൾ തീരാറായ ആ ബുക്കിന്റെ അവസാന പേജ് തനിക്കായി തന്നു. അവസാനത്തെ യാത്രക്കായി തയ്യാറായി കിടക്കുന്ന ശവത്തിനു അന്ത്യ കൂദാശ ചെയ്യുന്ന പാതിരിയെപ്പോലെ നിമിത്തമെന്നോണം അവൻ ആ വരികൾ അതിൽ കോറിയിട്ടു.
"മനുഷ്യാ, നിങ്ങളതൊന്ന് ഒതുക്കിയിട്ട് വേഗം വന്നു ഈ തേങ്ങയൊന്നു തിരുകി താ...."
ഭാര്യ അടുക്കളയിൽ നിന്ന് അപായ സൂചന നൽകി.
"എടിയേ, ഒരിത്തിരി വെള്ളം, വല്ലാത്ത ദാഹം"
തളർന്ന സ്വരത്തിൽ അയാൾ പറഞ്ഞു
അയാൾ വീണ്ടും പഴയ ഓർമകളിലേക്ക് താണു പോയി, അയാൾക്ക് ശ്വാസം മുട്ടും പോലെ തോന്നി. അയാൾ ഹൃദയത്തിലേക്ക് കൈവെച്ചു നോക്കി, അന്നവളെ കാണുമ്പോൾ, സംസാരിക്കുമ്പോൾ ഇപ്പോ പുറത്തേക്ക് തെറിക്കുമാറ് മിടിക്കുമായിരുന്ന തന്റെ ഹൃദയത്തിൽ മുമ്പെങ്ങും അനുഭവിക്കാത്ത ഒരു തരം ശാന്തത. അയാൾ അവളുടെ മുഖത്തിനും പേരിനുമായി ഓർമ അറകൾക്കു മുന്നിൽ മുട്ട്കുത്തി യാചിച്ചു അണക്കെട്ടിനടിയിൽ അടിഞ്ഞു പോയ ഓർമകൾ പ്രളയം പോലെ കലങ്ങി മറിഞ്ഞു മുകളിലേക്കു വരാൻ വെമ്പി. ഓർമകളുടെ മലവെള്ള പാച്ചിലിൽ അണപൊട്ടി അവ ഹൃദയത്തിൽ പ്രവഹിച്ചു. അയാളുടെ കൈ ഒന്നുകൂടെ ഹൃദയത്തെ മുറുകെപ്പിടിക്കാൻ എന്ന വണ്ണം ഒന്നമർന്നു, ഒരട്ടഹാസത്തോടെ അയാൾ പിന്നിലേക്ക് മറിഞ്ഞു. ഗ്ലാസ്സ് നിലത്തു വീണ ഒച്ചയും ഭാര്യയുടെ നിലവിളിയും കേട്ട് മേസ്തിരിമാർ ഓടിയെത്തി. അയാളെ കുലുക്കി ഉണർത്താൻ ശ്രമിച്ചു. ഒരു ചെരുപുഞ്ചിരിയോടെ അയാൾ മരവിച്ചങ്ങനെ കിടന്നു. തുറന്നു പോയ ഇടതുകൈയിൽ നിന്നും ഫാനിന്റെ കാറ്റടിച്ചു ആ തുണ്ട് പേപ്പർ ഒരു മൂലയിൽ അടിഞ്ഞു.
മുറ്റത്ത് നീല ടാർപോളിൻ വലിച്ചു കെട്ടി, ചുവന്ന കസേരകൾ കൊണ്ടിട്ടു. കറുത്ത ഉടുപ്പുകൾ കൊണ്ട് കാറ്ററിംഗ് കുട്ടികൾ ആ കസേരയുടെ ചുവപ്പിനെ മായ്ച്ചു, ദുഃഖ സാന്ദ്രമായ ആ അന്തരീക്ഷത്തെ ഒന്നുകൂടെ ദീനമാക്കാൻ ആ കറുത്ത കസേരകൾക്കു സാധിച്ചു. കൂടി നിന്ന ആൾക്കാർ പലതരം ചർച്ചകളിലേക്ക് ആഴ്‍ന്നിറങ്ങി. അമിതമായ സ്ത്രീധന തുക ചോദിച്ചു അയാളെ പോലെ പല മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കുകയും ഹൃദയാഘാത മരണങ്ങൾക്കു ഇടയാക്കുകയും ചെയ്യുന്ന രണ്ടും കെട്ട പുരുഷ വർഗത്തോടുള്ള രോഷം സ്ത്രീധനമായി കിട്ടിയ കാറിൽ വന്നിറങ്ങിയ പുരുഷ പുംഗവൻമാർ തമ്മിൽ പങ്കുവെച്ചു ആശ്വാസം കൊണ്ടു. അവർക്കറിയില്ലല്ലോ മരണം പതിയിരുന്നത് അയാളുടെ ഓർമ അറയിലാണെന്ന്. പാതി പണിഞ്ഞു നിർത്തിയ മതിൽ മുറിഞ്ഞ ഓർമപ്പോലെയും പുറം ചുവരിലെ മണം മാറാത്ത പെയിന്റ് അയാളുടെ ചിന്തയിലേക്ക് ഇനി പ്രവേശനമില്ലാത്ത ദുഃഖത്തിൽ ഭിത്തയിലും ചാരി നിന്നു.
മൃതദേഹം കുളിപ്പിക്കുന്നതിനായി മുറി വൃത്തിയാക്കാൻ എത്തിയവർ ആ ചിതറിയ ഡയറികൾ അടുക്കി ഷെൽഫിൽ വെച്ചു. മൂലയിൽ പോയി പതുങ്ങിയിരുന്ന ആ കൊലപ്പാതകി പേപ്പറിനെ എടുത്ത് ജനാലയിലൂടെ പുറത്തേക്ക് ഇട്ടു. അയാളുടെ ശവം കുളിപ്പിക്കാനായി ഒഴിച്ച വെള്ളം തലയിലൂടെ നെഞ്ചിലൂടെ വയറിലൂടെ കാലിലൂടെ എന്തോ പരതും പോലെ അവിടെ ഇവിടെയെല്ലാം ശരീരത്തിലൂടെ ഒഴുകി നിലത്തുവീണ്, ഓവിലൂടെ ആ പേപ്പറിനു മുകളിൽ പതിച്ചു. ആ ഓർമതുണ്ടിനെ ലയിപ്പിച്ചു മണ്ണിലേക്ക് ആഴ്‍ന്നിറങ്ങി. ഓർമകൾക്കു വെളിച്ചം പകർന്ന ആ തീ ചിതയിൽ നിന്ന് ഉയർന്നു പൊങ്ങി നക്ഷത്രത്തിൽ പോയി പാർത്തു. അവിടെ ഇരുന്നു ഓരോ രാത്രിയിലും ഭൂമിയിലേക്ക് വെളിച്ചം വിതറി ആ മുഖത്തിനും പേരിനുമായി അലഞ്ഞു കൊണ്ടേയിരുന്നു.
Comments
Post a Comment