സ്ട്രപ്റ്റോമൈസീറ്റ്

 


   നഗരത്തിലെത്തി കുറച്ചുനാളുകൾക്കിടയിൽ തന്നെ ആ കോടതി ഗുമസ്തൻ മറ്റു ഫ്ലാറ്റുവാസികൾക്കിടയിൽ ഒരു സംസാരവിഷയമായി തീർന്നിരുന്നു.  അയാളുടെ കരയുള്ള ഒറ്റ മുണ്ടും അയഞ്ഞ പല വർണ ജുബ്ബയും നീണ്ട താടിയും ഒതുക്കമില്ലാത്ത കാറ്റത്ത് ആടികളിക്കുന്ന മുടിയും ഭാരം താങ്ങാനാകാതെ തൂങ്ങിപോയ തോൾ സ‍ഞ്ചിയുമെല്ലാം കംഫ‍ർട്ടിന്റെ സുഗന്ധം പരക്കുന്ന തേച്ച ചുളിവില്ലാത്ത വസ്ത്രം ധരിക്കുന്ന, ബ്രാൻഡഡ് സ്പ്രേ ഉപയോഗിക്കുന്ന, ലാപ്പ്ടോപ്പ് ബാഗ് തോളിൽ തൂക്കി, കാറിൽ ജോലിക്കു പോകുന്ന സംസ്കാര സമ്പന്ന‍ർക്ക് പുതുമയായിരുന്നു.  അവർക്ക് അയാൾ കാലത്തിന്റെ പിന്നിൽ മാത്രമായി ഫിനിഷിങ് ലൈൻ കടക്കാനായി ഓടുന്ന അത്‍ലറ്റിക്കായിരുന്നു.  റെസിഡൻസ് അസോസിയേഷനിലെ വൈകുന്നേരത്തെ ചായ ചർച്ചയിൽ അയാളായിരുന്നു ഏറ്റവും ചൂടുള്ള കടി.

      ഓരോ തവണ മഴപെയ്യുമ്പോഴും അയാളൊരു കള്ളിമുണ്ട് മാത്രം ധരിച്ച് ഇന്റർലോക്ക് പാകി വൃത്തിയാക്കിയ മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനാൽ തന്നെ പെൺകുട്ടികളായ അയൽ ഫ്ലാറ്റുവാസികളോട് അവരുടെ അഛന്മാർ 'അയാളത്ര വെടിപ്പല്ല, അയാളുടെ അടുത്തേകൊന്നും പോകരുത്' എന്ന് നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരുന്നു.  അയാൾ മുറ്റത്തിറങ്ങി നടക്കുക മാത്രമല്ല ഫ്ലാറ്റിന്റെ പുറകിലെത്തുമ്പോൾ അവിടെ മുട്ട്കുത്തി ഇന്റർലോക്കുകൾക്ക് ഇടയിൽ മൂക്കുചേ‍ർത്ത്  പട്ടിയെപ്പോലെ മണപ്പിച്ചു നോക്കാറുണ്ടെന്ന് സെക്യൂരിറ്റി ജീവനക്കാരൻ അവരോടെല്ലാം പറ‍ഞ്ഞു.  അതോടെ അയാളെ പറ്റി  പല കഥകളും അവിടെ പ്രചരിച്ചു.  അയാൾ ഏതോ ലഹരിക്കടിമയാണെന്നും മഴക്കാലത്തു ഇന്റർലോക്കുകൾക്കിടയിൽ കിളിർക്കുന്ന ഒരു പ്രത്യേകതരം കൂണിൽ മഴപെയ്യുമ്പോൾ ലഹരി പൂക്കുമെന്നും അതാണ് അയാൾ വലിച്ചുകയറ്റുന്നത് എന്നൊക്കെ വാട്സാപ്പിൽ നിന്ന് വാട്സാപ്പിലേക്ക് പെയ്തിറങ്ങി.

     ഓരോ മഴയിലും അയാളുടെ മൂക്കുകൾ ലഹരിക്കു വേണ്ടി ദാഹിക്കും.  അയാൾ അത് തേടി മുറ്റത്തിറങ്ങും.  ആ കോൺക്രീറ്റ് കാട്ടിനിടയിൽ അയാളുടെ ശ്രമങ്ങൾ എല്ലാം വിഫലമായിത്തീർന്നു.  അയാൾ തന്റെ ലഹരിക്കായി ആ നഗരത്തിൽ പലയിടത്തും അലഞ്ഞു.  പക്ഷേ നിരാശയായിരുന്നു ഫലം.

     കോടതിയിലേക്ക് പോകാനായി ഗേറ്റിനടുത്തെത്തിയ അയാളോട് "മഴയത്ത് ഇറങ്ങിനടക്കുന്നതെന്തിനാ? തനിക്കു പ്രാന്തുണ്ടോ? " എന്ന് സെക്യൂരിറ്റി ജീവനക്കാരൻ ഉറക്കെ വിളിച്ചു ചോദിച്ചു.  അയാൾ കേട്ട ഭാവം നടിച്ചില്ല.  സെക്യൂരിറ്റി ചോദ്യം ആവ‍ർത്തിച്ചു.  അയാൾ നിശബ്ദമായി തന്നെ ഗേറ്റു കടന്നു ഫുട്പാത്തിലൂടെ കിഴക്കോട്ട് സൂര്യപ്രകാശത്തിലേക്ക് ഊളിയിട്ട് നീന്തി പോയി.  വൈകുന്നേരം തങ്ങൾ ചട്ടം കെട്ടിയ കാര്യമെന്തായെന്നറിയാനുള്ള വ്യഗ്രതയിൽ ചായ ച‍ർച്ച പ്രമുഖർ സെക്യൂരിറ്റി ജീവനക്കാരനു ചുറ്റും കൂടി.

"അയാൾക്ക് ചെവി കേൾക്കില്ല സാറേ......."
"ഈസ് റ്റ് ട്രൂ?"
"മിണ്ടാനും പറ്റില്ല പാവത്തിനു."
"ഓ... പുവർ മാൻ."

     ജോലി കഴിഞ്ഞ് അയാൾ നഗരത്തിന്റെ വീ‍ർപ്പുമുട്ടിക്കുന്ന പലതരം വാഹനങ്ങൾ ചേർന്ന് നിർമ്മിക്കുന്ന ഓ‍ർകസ്റ്രയിലൂടെ, വേഗത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ജനങ്ങളുടെ ഇടയിലൂടെ, ഓടകൾക്ക് മുകളിൽ യാതൊരു കൂസലുമില്ലാതെ സാന്റും മുട്ടും കളിക്കുന്ന എലികൾക്കിടയിലൂടെ മൂക്കിനെ തുളയ്‍ക്കുന്ന ആരോ ഉപേക്ഷിച്ചിട്ടു പോയ വേസ്റ്റിന്റെ ദുർഗന്ധം മറക്കാൻ തൂവാല കൊണ്ട്  മൂക്കും വായും മൂടികെട്ടി അയാൾ മെല്ലെ ആ പുതിയ കാഴ്ചകളിലേക്ക് ഇറങ്ങി നടന്നു.  തന്റെ ഗ്രാമത്തിലെ മൺവഴിയിൽ അടർന്നു വീണ ചീഞ്ഞ കറുത്ത ചക്ക പങ്കിട്ടെടുക്കുന്ന പോലെ ഒരു കൂട്ടം നായകൾ കറുത്ത കവറിൽ തല പൂഴ്‍ത്തി കോഴി വേസ്റ്റു നുണയുന്നു.  ഇവിടെ അയൽവാസികളൊന്നും ഇല്ലെന്നും വലിയൊരു കെട്ടിടത്തിൽ താൻ ഒറ്റയ്‍ക്കാണെന്നും അയാൾ ഒരു രൂപ ഇട്ടു വിളിക്കുന്ന ടെലിഫോണിൽ നിന്നും തന്റെ ഓർഫനേജിലേക്ക് വിളിക്കുന്നതിനിടെ വിശേഷം പറഞ്ഞു.  ശമ്പളം കിട്ടാറായില്ലെന്നും കിട്ടിയാലുടൻ നല്ലൊരു തുക അങ്ങോട്ടേക്ക് അയക്കാമെന്നും ഒരു വിവാഹ പാർട്ടി വന്നിട്ടുണ്ടെന്ന ഫാദറിന്റെ സന്ദേശത്തിനു മറുപടിയായി അയാൾ പറഞ്ഞു. അടുത്ത ഒരു രൂപ എടുക്കാനായി വലത്തേക്കു തിരിഞ്ഞു സഞ്ചി തിരഞ്ഞ അയാൾ ആ കാഴ്ച കണ്ട് ‍ഞെട്ടി.  താറിട്ട റോഡിനപ്പുറം പച്ച പെയിന്റു പൂശിയ PLANT FOR THE PLANET  എന്നെഴുതിയ മതിലിനു മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന പച്ചില കൂട്ടം.  അയാൾ മതിമറന്ന് സിഗ്നലിനു കാത്തു നിൽക്കാതെ റോ‍ഡ് മുറിച്ചു അങ്ങോട്ടേക്ക് ഓടിക്കയറി.  ആരൊക്കയോ അയാളെ പിന്നിൽ നിന്നു ശകാരിച്ചത് വാഹനഘോഷത്തിൽ അലിഞ്ഞില്ലാതെയായി.

"എനിക്കൊരൽപ്പം മണ്ണ് തരുമോ?" അയാൾ യാചിച്ചു.
"അയ്യേ..... സോയിലോ?" അതൊന്നും ഇവിടെയില്ല.
"ഇവിടെ മണ്ണില്ലേ?" അയാൾ ആവർത്തിച്ചു.
"പ്ലീസ്സ്, താങ്കൾക്ക് പോകാം, ഇപ്പോ റഷ് ഹവർ ആണ്".
"മണ്ണില്ലാതെ ഈ ചെടികളൊക്കെ....ഇവിടെ....എങ്ങനെ? സംശയത്തോടെ അയാൾ അവരെ നോക്കി.
"ഇത് ഹൈഡ്രോപോണിക്സാണ്, സാറിന് ചെടി ഏതെങ്കിലും വേണോ? നമ്മൾ ഫുൾകിറ്റും ഒരു മാസത്തേക്കുള്ള ന്യൂട്രിയൻസും ഒരുമിച്ചു നൽകുന്ന ഒരു കോമ്പോ ഓഫർ ഇപ്പോ ഇണ്ട്."

      അയാൾ നിരാശയോടെ ഇറങ്ങിനടന്നു.  നഗരത്തെ ശപിച്ചുകൊണ്ടും എന്നാൽ അവിടുത്തെ സംവിധാനങ്ങളൊക്കെ കേമമാണെന്ന് അത്ഭുതപ്പെട്ടുകൊണ്ടും സിഗ്നലിനായി കാത്തുനിന്നു.  പോലീസിനെ വെട്ടിച്ച് മുന്നോട്ട് വേഗതയിൽ കയറിവന്ന ഹെൽമെറ്റ് ധരിക്കാത്ത ബൈക്കുകാരനെ രക്ഷിക്കാനായി ഇടത്തേക്കു വെട്ടിക്കവേ ഒരു മണ്ണു കയറ്റിവന്ന ചെറിയ പിക്കപ്പ് ഫുട്പാത്തിലൂടെ കയറി ഫോൺ ബൂത്ത് തകർത്ത് റോഡിലേക്ക് ചരിഞ്ഞുവീണു.  ഉടൻ തന്നെ പോലീസ് വാഹനത്തിൽ ‍ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.  ആ ചിതറിവീണ ഏതോ മലതുരന്ന മണ്ണ് അയാൾ രണ്ടു കൈകൊണ്ടും വാരി തന്റെ സഞ്ചിയിലേക്ക് ഇട്ടിട്ട് വേഗം തന്റെ ഫ്ലാറ്റിലേക്ക് നടന്നു.  ഗേറ്റു മുതൽ മുറി വരെ അയാളെ സഹതാപ നോട്ടങ്ങൾ അനുഗമിച്ചു.  അത്യാഹ്ലാദത്തോടെ മുറിയിലേക്ക് കയറി പഴയ ഐസ്ക്രീം പാട്ടയിൽ മണ്ണ് നിറച്ച് അതേ വേഷവുമായി മഴയെയും പ്രതീക്ഷിച്ച് അയാൾ ബാൽക്കണിയിലിരുന്നു.  അന്നത്തെ അലച്ചിലിന്റെ ക്ഷീണത്തിൽ അയാൾ ചെറുതിട ഒന്നു മയങ്ങിപോയി.   പൊടുന്നനെ ആകാശം വിവസ്ത്രയായി, ഇടിയുടെ അകമ്പടിയോടെ ഉടുത്തിരുന്ന തുലാമഴയെ അവൾ അഴിച്ചിട്ടു.  മഴയുടെ സാരിത്തലപ്പ് അയാളുടെ മുഖത്തിത്തിനെ തഴുകി താഴേക്ക് വീണു.  അയാൾ ഞെട്ടി ഉണർന്നു.  മണ്ണ് തറയിൽ ചിതറികിടക്കുന്നു, അയാൾ അത് വാരി വീണ്ടും പാട്ടയിൽ നിറച്ചു മഴ നനപ്പിച്ചു.  എന്നിട്ടത് ആഞ്ഞ് വലിച്ചു.

      ആഹാ.........പുതുമണ്ണിന്റെ മണം.  തന്റെ പ്രിയപ്പെട്ട സ്ട്രപ്റ്റോമൈസീറ്റിന്റെ 1  ഗന്ധം.  മതിയാവോളം അയാൾ അത് ആസ്വദിച്ചു ശ്വസിച്ചു.  സെക്യൂരിറ്റി ജീവനക്കാരൻ ഫ്ലാറ്റിന്റെ പുറകിലൊക്കെ റെയിൻ കോട്ടുമിട്ട് കുറച്ചുനേരം അയാളെ തിര‍ഞ്ഞു.  പാവം പൊട്ടനായതു കൊണ്ട് മഴ പെയ്തത് അറിഞ്ഞുകാണില്ല എന്ന് ആത്മഗതം ചെയ്ത് തന്റെ കൊച്ചുമുറിയിൽ വന്ന് മഴ പെയ്യുന്ന വീ‍ഡിയോ പിടിച്ച് സ്റ്റാറ്റസ് ഇട്ട്, ഇടയ്‍ക്കിടെ എത്ര പേർ കണ്ടു എന്ന് നോക്കി കൊണ്ടിരുന്നു.  അയാളെ അവിടെയെങ്ങും കണ്ടില്ലല്ലോ? എന്ന മെസ്സേജ് സെക്യൂരിറ്റിയുടെ നോട്ടം പ്രതീക്ഷിച്ച് വാട്സാപ്പിന്റെ മുകളിലെ പച്ച പാടത്ത് ഒരു നോക്കുകുത്തിയെപ്പോലെ കാത്തു നിന്നു.


1. പുതുമണ്ണിന്റെ ഗന്ധത്തിനു കാരണമായ ബാക്ടീരിയ

Comments

Popular posts from this blog

പാഠം 3 - ഗണിതപഠന സമീപനവും പഠനബോധന രീതികളും തന്ത്രങ്ങളും

PALINDROMIC NUMBERS

KAPREKAR'S CONSTANT