ചോർപ്പ്
സ്ഥടിക മദ്യക്കുപ്പി നിറയുന്ന വെള്ളം
വെച്ചൂത്തിക്കറ്റം വെള്ളം പാലായി മാറി
പല കീശ ചോർന്നു, ഒരു കീശ വീർത്തു
ചോർപ്പിനാവില്ലല്ലോ ചോർച്ചയെ തടയാൻ
വെച്ചൂത്തികെന്ത് വീണവന്റെ വേദന
ചോർപ്പുണ്ടാക്കി ചതിച്ച കുഴിയാന ചിലച്ചു
വാർപ്പ് വിറ്റു, വീടു വാർത്തു
ചാഞ്ഞ ചായ്പ്പ് ചിതലുതിന്നു
വെച്ചുകുത്തിയത് വെച്ചൂത്തി
മെല്ലെയെങ്കിലുമകത്താക്കി
അപരൻ തികട്ടിയത് വെച്ച്
വെച്ചൂത്തി മറ്റൊരു വയറൂട്ടി
പുതു ചങ്ങാതിമാർ ഒഴിച്ച ചിന്തകൾ
വെച്ചൂത്തി കഴുത്തിലൂടെ കിനിഞ്ഞിറങ്ങി
ചോർപ്പിനാവിലല്ലോ ചോർച്ചയെ തടയാൻ
ചോർന്നതൊക്കയും ചേരപോലവൻ വിഴുങ്ങി
ചേരാത്ത ചേരുവകൾ, ചർവണകം ചൊറിയുന്നു
പല്ലിയെ പല്ലിനു പിടിച്ചില്ല, പാറ്റയേയും
പുക ഉയരുന്നു, പക പുകയുന്നു
ഒരു കുപ്പി പൊട്ടി, ഒരു ചോർപ്പുണ്ടായി
ഒരുവന്റെ ചോര ചോരുന്നു
ചോർപ്പിനാവിലല്ലോ ചോർച്ചയെ തടയാൻ
Comments
Post a Comment