ഓട്ടോഗ്രാഫ്
മകളുടെ വിവാഹത്തിന് വീടിന്റെ അകം പെയിന്റ് ചെയ്യാൻ തൊഴിലാളികൾ നാളെ എത്തും. അയാൾ തന്റെ ഷെൽഫിൽ നിന്നും സാധനങ്ങളെല്ലാം വാരി നിലത്തു വെച്ചു കൊണ്ടിരിക്കുകയായിരുന്നു, ഇടയ്‍ക്ക് ഒരടുക്ക് ഡയറികൾ തട്ടി നിലത്തു മുഴുവൻ ചിതറിയ ഓർമ പോലെ പടർന്നു വീണു. ഓർമകൾ വാരിക്കുട്ടുന്നതിനിടയിൽ തന്റെ നര കയറിയ മുടികൾക്കിടയിൽ കറുത്തത് അങ്ങിങ്ങു പൊങ്ങിനിൽക്കും പോലെ അവിടെ ഇവിടെയായി പൊടി തീർത്ത വരകളുള്ള ഒരു നരബാധിച്ച പേപ്പർ കഷ്ണം തടഞ്ഞു. അതിന്റെ നിറം കാലപ്പഴക്കം കൊണ്ട് അയാളുടെ തിമിരം ബാധിച്ച കണ്ണു പോലെ മങ്ങിയിരുന്നു. അതിലെന്തോ അവ്യക്തമായി വൃത്തിയില്ലാത്ത കൈപ്പടയിൽ എഴുതിയിരിക്കുന്നു. തന്റെ കണ്ണട എടുത്ത് മൂക്കിൽ പ്രതിഷ്ഠിച്ച് അയാൾ വായന ആരംഭിച്ചു. " പ്രകൃതിയെന്ന അനശ്വര കവിയുടെ തൂലികയിൽ വിരിഞ്ഞ, ഭൂമിയുടെ ഗമനത്തിലും ഋതുക്കളുടെ മാറ്റത്തിലും മോഹഭംഗങ്ങളില്ലാത്ത എക്കാലത്തെയും യുവഹൃദയങ്ങളെ ഇണക്കിച്ചേർത്ത, മാറുന്ന ശാസ്ത്രത്തിലും മാറാത്ത ചരിത്രത്തിലും ഇളക്കം തട്ടാത്ത സമവാക്യം, സൗഹൃദം. സമവായങ്ങളുുടെ ലോകത്ത് സമവാക്യങ്ങളുുടെ കാലത്ത് സ്വാർത്ഥ...