സ്ട്രപ്റ്റോമൈസീറ്റ്
നഗരത്തിലെത്തി കുറച്ചുനാളുകൾക്കിടയിൽ തന്നെ ആ കോടതി ഗുമസ്തൻ മറ്റു ഫ്ലാറ്റുവാസികൾക്കിടയിൽ ഒരു സംസാരവിഷയമായി തീർന്നിരുന്നു. അയാളുടെ കരയുള്ള ഒറ്റ മുണ്ടും അയഞ്ഞ പല വർണ ജുബ്ബയും നീണ്ട താടിയും ഒതുക്കമില്ലാത്ത കാറ്റത്ത് ആടികളിക്കുന്ന മുടിയും ഭാരം താങ്ങാനാകാതെ തൂങ്ങിപോയ തോൾ സഞ്ചിയുമെല്ലാം കംഫർട്ടിന്റെ സുഗന്ധം പരക്കുന്ന തേച്ച ചുളിവില്ലാത്ത വസ്ത്രം ധരിക്കുന്ന, ബ്രാൻഡഡ് സ്പ്രേ ഉപയോഗിക്കുന്ന, ലാപ്പ്ടോപ്പ് ബാഗ് തോളിൽ തൂക്കി, കാറിൽ ജോലിക്കു പോകുന്ന സംസ്കാര സമ്പന്നർക്ക് പുതുമയായിരുന്നു. അവർക്ക് അയാൾ കാലത്തിന്റെ പിന്നിൽ മാത്രമായി ഫിനിഷിങ് ലൈൻ കടക്കാനായി ഓടുന്ന അത്‍ലറ്റിക്കായിരുന്നു. റെസിഡൻസ് അസോസിയേഷനിലെ വൈകുന്നേരത്തെ ചായ ചർച്ചയിൽ അയാളായിരുന്നു ഏറ്റവും ചൂടുള്ള കടി. ഓരോ തവണ മഴപെയ്യുമ്പോഴും അയാളൊരു കള്ളിമുണ്ട് മാത്രം ധരിച്ച് ഇന്റർലോക്ക് പാകി വൃത്തിയാക്കിയ മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനാൽ തന്നെ പെൺകുട്ടികളായ അയൽ ഫ്ലാറ്റുവാസികളോട് അവരുടെ അഛന്മാർ 'അയാളത്ര വെടിപ്പല്ല, അയാളുടെ അടുത്തേകൊന്നും പോകരുത്' എന്ന് നിരന്തരം ഓർമിപ്പിച്...